എത്രയും ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രിയും സഹജീവി സ്നേഹിയും ആയ ശ്രീ സുരേഷ്‌ഗോപി സർ അവർകൾ മുൻപാകെ കേരളത്തിലെ മൃഗസ്നേഹികൾ ശ്രദ്ധയിൽ പെടുത്തുന്ന ഗൗരവപരമായ വിഷയം
സൂചന :തെരുവുനായ്ക്കളും വളർത്തു നായ്ക്കളും അനുഭവിയ്ക്കുന്ന ദുരിതങ്ങളിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചു കൊണ്ടുള്ള നിവേദനം.
സർ,
നിലവിൽ തെരുവുനായ്ക്കളും,വളർത്തു മൃഗങ്ങളും നമ്മുടെ കേരളത്തിൽ അനുഭവിയ്ക്കുന്ന തീരാ ദുരിതങ്ങളെ കുറിച്ച് അങ്ങേയ്ക്കും അറിവുണ്ടായിരിയ്ക്കുമല്ലോ.
കേരളത്തിൽ ഉപയോഗം കഴിഞ്ഞതും പ്രായം ചെന്നതും അസുഖം ബാധിച്ചതുമായ വളർത്തു നായ്ക്കളെ വഴിയിലെറിയുകയും നിരത്തുകളിൽ അവ വാഹനമിടിച്ചും മറ്റു ദുരന്തങ്ങളിൽ പെട്ടും മരണമടയുകയും ചെയ്യുന്ന കാഴ്ച വളരെ വേദനാജനകമാണ്.ഇതിൽ അധികവും ലാബ്രഡോർ,ഗോൾഡൻ റീട്രെവർ,റോട്ട് വീലർ ഇന്ത്യൻ സ്പിറ്റ്സ് തുടങ്ങിയ മുന്തിയ ഇനം നായ്ക്കളാണ് എന്നതും,വീടുകളിൽ വളർത്തിയതിനാൽ അവയ്ക്കു ഭക്ഷണം തേടി കഴിയ്ക്കാൻ പോലും കഴിവില്ല എന്നതും വല്ലാതെ സങ്കടകരമാണ്.
മറ്റൊന്ന് തെരുവ് നായ്ക്കളോടുള്ള അതിക്രമം ആണ്.മനുഷ്യരെ ഉപദ്രവിയ്ക്കാത്ത സാഹചര്യങ്ങളിൽ പോലും മനുഷ്യർ അവരെ വിഷം വെച്ചും ടാറിൽ മുക്കിയും കയറിൽതൂക്കിയും പുഴയിലെറിഞ്ഞും ക്രൂരമായി തല്ലിയും വാഹനങ്ങൾ കയറ്റിയിറക്കിയും അതിക്രൂരമായി കൊലപ്പെടുത്തുന്നത് കണ്ടു നിൽക്കാൻ കഴിയുന്നില്ല.അതാതു പഞ്ചായത്തുകളോ മുനിസിപ്പാലിറ്റികളോ ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെടുത്തിയാൽ കൂടിയും ഇടപെടുകയോ നടപടിയെടുക്കുകയോ ചെയ്യുന്നില്ല.
മിക്ക പഞ്ചായത്തുകളിലും എ ബി സി പദ്ധതി കൃത്യമായി നടപ്പിലാക്കി ഇവരുടെ പ്രജനനം കുറയ്ക്കുകയോ, കൃത്യമായി ആൻറ്റിറാബീസ് വാക്‌സിൻ നൽകുകയോ ചെയ്യുന്നില്ല.ഇവരെ സംരക്ഷിയ്ക്കേണ്ടവർ തന്നെ ഘാതകരാകുന്ന ഒരവസ്ഥയാണ് പലയിടങ്ങളിലും കണ്ടു വരുന്നത്.വിശന്നു വലഞ്ഞു മുന്നിൽ പെടുന്ന സാധു മൃഗങ്ങൾക്കു ഒരു നേരത്തെ ഭക്ഷണം നൽകുന്നവരെ പോലും ( സുപ്രീം കോടതി അനുമതി ഉണ്ടായിട്ടു കൂടിയും) കയ്യേറ്റം ചെയ്യുന്ന അവസ്ഥ കൂടി നിലവിൽ ഉണ്ട്.ഇത്തരം വിഷയങ്ങളിൽ ധൈര്യസമേതം സമീപിയ്ക്കാവുന്ന പ്രതീക്ഷ നൽകുന്ന ഒരിടം എന്ന നിലയ്ക്ക് ഇതിനൊരു ശാശ്വത പരിഹാരം കാണുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഞങ്ങൾ അങ്ങയുടെ മുന്നിലേയ്ക്ക് ഈ വിഷയം എത്തിയ്ക്കുന്നത്
കേരളത്തിൽ ലൈസൻസ് ഇല്ലാതെ അനധികൃതമായി പ്രവർത്തിയ്ക്കുന്ന ബ്രീഡിംഗ് സെൻറ്ററുകൾ നിർത്തലാക്കിയും,കൂണുകൾ പോലെ മുളച്ചു പൊന്തുന്ന ബ്രീഡിംഗ് സെൻറ്ററുകൾക്ക് നിയന്ത്രണം കൊണ്ട് വന്നും,വിലയ്ക്ക് വാങ്ങിയ നായ്ക്കളെ ആരോഗ്യം ക്ഷയിയ്ക്കുമ്പോൾ വഴിയിലെറിയുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിച്ചും,കേരളത്തിലെ,കോർപ്പറേഷൻ,മുനിസിപ്പാലിറ്റി,പഞ്ചായത്ത് വഴി കൃത്യമായ വാക്സിനേഷനും വന്ധ്യംകരണവും നടപ്പിലാക്കിയും,വിശപ്പും ദേഹോപദ്രവവും ആണ് പലപ്പോഴും അവരെ അക്രമാസക്തരാക്കുന്നതെന്നതിനാൽ ഭക്ഷണം നൽകുന്നവർക്ക് ധൈര്യസമേതം അതിനുള്ള അവസരമൊരുക്കി നൽകിയും,തെരുവിൽ ഉപേക്ഷിയ്ക്കപ്പെടുന്ന മിണ്ടാപ്രാണികൾക്ക് കുറഞ്ഞ തോതിലെങ്കിലും ഷെൽട്ടർ പോലുള്ള സംവിധാനങ്ങൾ ഒരുക്കിയും,മനുഷ്യരെ ബോധവൽക്കരിച്ചു തെരുവുകളിൽ ജനിച്ചു വീഴുന്ന നായ്ക്കുട്ടികളെ വീടുകളിൽ ദത്ത് നൽകിയും നമ്മുടെ നാടും തെരുവുനായ വിമുക്തമാക്കി ഇതിനെല്ലാം പരിഹാരം കാണാൻ പറ്റുമെന്നും മനുഷ്യരെയും തെരുവിൽ അലയുന്ന മിണ്ടാപ്രാണികളെയും ഒരേപോലെ സുരക്ഷിതരാക്കാൻ കഴിയുമെന്നും ഞങ്ങൾ ഉറച്ചു വിശ്വസിയ്ക്കുന്നു
അതിനാൽ ഈ വിഷയം അതീവ ഗൗരവമായി പരിഗണനയ്‌ക്കെടുത്ത് ഇതിനായി അങ്ങയുടെ സമക്ഷത്തു നിന്നും വേണ്ട നടപടികൾ ഉണ്ടാകണമെന്നും മിണ്ടാപ്രാണികളെ സംരക്ഷിയ്ക്കാൻ സഹായിയ്ക്കണമെന്നും ഇതൊരു സാധാരണ വിഷയമായി കണ്ടു തള്ളിക്കളയരുതെന്നും താഴ്മയായി അപേക്ഷിച്ചു കൊണ്ട്
- - - - -പ്രതീക്ഷാപൂർവം മ്യഗസ്നേഹികള്‍